"ഒരു വായനക്കാരൻ അയാൾ മരിക്കുന്നതിന് മുമ്പ് ആയിരം ജീവിതങ്ങൾ ജീവിക്കുമ്പോൾ വായിക്കാത്ത ആൾക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം"-ജോർജ് ആർ മാർട്ടിൻ
വായനയെ മുൻനിർത്തി ഇസ്ലാമിനെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ ഇവ രണ്ടും പരസ്പര പൂരകങ്ങൾ ആണെന്ന് തിരിച്ചറിയും.വായന എന്ന വിശാല ആശയത്തെ,അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുന്ന ഒരു ദർശനമായി ഇസ്ലാമിനെ മനസിലാക്കാം.ഇസ്ലാമിന്റെ അടിസ്ഥാനങ്ങൾ രൂപപ്പെടുന്നിടത്ത് വായന വഹിക്കുന്ന പങ്ക് സവിശേഷമാണ്.ഖുർആന്റെ ഏറ്റവും മൗലികവും പ്രഥമവുമായ ഒരു വാക്യമാണ് നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക എന്നത്.കേവലാർത്ഥത്തിൽ ഒരു വേദഗ്രന്ഥം വായിച്ചുതുടങ്ങുമ്പോൾ പുലർത്തേണ്ട അടിസ്ഥാന ദൈവബോധത്തെ അല്ല ദൈവനാമത്തിലെ ആരംഭം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് വയനയോളം വിശാലമായ വലിയൊരു സാധ്യതകളിലേക്കാണ് ഖുർആനിന്റെ ആദ്യ വാക്യത്തിലൂടെ തന്നെ നമ്മെ മുന്നോട്ട് കൊണ്ട് പോകുന്നത്.വാക്യത്തിന്റെ ഘടന വളരെ പ്രസക്തമാണ്.ദൈവത്തെ കുറിച്ച് ഓര്മപ്പെടുത്തിയതിന് ശേഷം വായനയെ കുറിച്ച് സംസാരിക്കുകയല്ല ഖുർആൻ ചെയ്യുന്നത് ആദ്യമേ തന്നെ വായന എന്ന ബഹുവിധമാനങ്ങൾ ഉള്ള ഒരു സംജ്ഞയെ മുന്നിൽ വെച്ച് അതിന്റെ എല്ലാ സാധ്യതയിലേക്കും കടന്ന് ചെല്ലാനുള്ള ആഹ്വാനവും അതിൽ നിന്നും രൂപപ്പെടുന്ന ആശയങ്ങളെ ദൈവവുമായി ചേർത്ത് വെച്ച് മനസിലാക്കുവാനുമാണ് ഖുർആൻ പ്രഥമ പ്രധാനമായി നമ്മോട് ആവശ്യപ്പെടുന്നത്.ഇങ്ങനെ ഒരു രൂപത്തിൽ ഇസ്ലാമിനെ കുറിച്ച് നമ്മൾ ആലോചിക്കാൻ ശ്രമിക്കുമ്പോൾ വിശുദ്ധ ഖുർആൻ തന്നെ അതി വിശാലമായ ആശയലോകത്തെ നമ്മളുടെ മുന്നിൽ തുറന്നിടുന്നതായി കാണാൻ കഴിയും.വളരെ പ്രാധാന്യത്തോടെ ഇസ്ലാം വായനയെ സമീപിക്കുന്നു എന്നത് അവിതർക്കമാണ്.ഇനി വായന എന്നതിനെ മനസിലാക്കാനുള്ള ഒരു ശ്രമമാണ്.ഖുർആനുമായി ബന്ധപ്പെടുത്തി തന്നെ അതിനെ വിശകലനം ചെയ്യാം.പ്രവാചകൻ മുഹമ്മദിന് വിവിധ ഘട്ടങ്ങളിലായി ജിബ്രീൽ(അ)മുഖേനയാണ് ഖുർആൻ അവതരിച്ചത് എന്ന് എല്ലാവർക്കും അറിയാം.എന്നാൽ നമ്മളുടെ ശ്രദ്ധപോകാത്ത ചില സംഗതികൾ കൂടി ഇവിടെ നിലനിൽക്കുന്നുണ്ട്.ഒന്നാം ഖലീഫ അബൂബക്കറിന്റെ കാലത്ത് ക്രോഡീകരികുകയും ഉസ്മാൻ(റ)കാലത്ത് ഗ്രന്ഥരൂപത്തിൽ ആക്കുകയും ചെയ്ത ഖുർആനിന്റെ ക്രോഡീകരണ ചരിത്രവും നമ്മൾക്ക് അറിയാവുന്നതാണ്.ഇങ്ങനെയാണ് യാഥാർഥ്യമെങ്കിൽ പിന്നെ ജിബ്രീൽ വന്നിട്ട് പ്രവാചകനോട് എന്ത് കാണിച്ചിട്ടാണ് വായിക്കാൻ പറഞ്ഞത് എന്ന ചോദ്യം സവിശേഷമായി അവിടെ ബാക്കി ആകുന്നു.ഇനി അഥവാ ജിബ്രീലിന്റെ കയ്യിൽ ഗ്രന്ഥരൂപം ഉണ്ടായിരുന്നെങ്കിൽ അവസാന സൂക്തങ്ങൾ ഇറങ്ങിയ വേളയിലെങ്കിലും അത് പ്രവാചകൻ കൈമാറുമായിരുന്നു.പറയാൻ ശ്രമിക്കുന്നത്,നിർണിതമായ ഒരു ഗ്രന്ഥത്തെ മുൻനിർത്തിയുള്ള വായനയല്ല ജിബ്രീൽ പ്രവാചകനോട് കല്പിച്ചത് മറിച്ച് ആകാശ ഭൂമിയെയും പ്രകൃതി പ്രതിഭാസങ്ങളെയും മുൻനിർത്തിയുള്ള അതി വിശാലവും ബഹുവിധാഖ്യാനങ്ങളിലേക്ക് വാതിൽ തുറക്കുന്ന വളരെ ബ്രഹ്ത്തായ ഒരു വയനയെയാണ് പരിചയപ്പെടുത്തിയത് എന്നാണ്.ഇങ്ങനെ ഒരു മനസിലാക്കൽ സാധ്യമാണ്.ഖുർആൻ തന്നെ ഈ അർത്ഥത്തിൽ ഒരുപാട് സൂചനകളിലൂടെ ഇത് പറഞ്ഞു വെക്കുന്നുണ്ട്.ഖുർആൻ താൽപര്യപ്പെടുന്ന വായന രീതിശാസ്ത്രത്തെ പല സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.അതിൽ ഒന്നാണ് "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്"(3:190) എന്ന സൂക്തം.പ്രപഞ്ചത്തിലെ വിവിധങ്ങളായ സൃഷ്ടികളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയും അവയെ കുറിച്ചുള്ള ചിന്തകളിലൂടെ ദൈവത്തെ കുറിച്ചുള്ള ചിന്തകളിലേക്ക് നമ്മൾ എത്തിക്കുന്ന ഖുർആനിക സങ്കൽപ്പം വളരെ അർത്ഥവത്തായ ഒരു പരിപ്രേക്ഷ്യമാണ് വയനയുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്നത്.പ്രകൃതിയിലെ വിശാലതകളിലേക്കും അതിന്റെ അഴങ്ങളെ തേടിയുമുള്ള വായനയാണ് ഇത്തരം പ്രതിപാദ്യത്തിലൂടെ അർത്ഥമാക്കുന്നത്.ഇങ്ങനൊരു വായനയെ ആയിരിക്കാം ജിബ്രീൽ പ്രവാചകൻ മുഹമ്മദിനോടും അവശ്യപ്പെട്ടിട്ടുണ്ടാകുക.പ്രവാ ചകന്‍ എഴുത്തും വായനയും അറിയില്ല എന്നതിനോട് വിയോജിച്ച് കൊണ്ട് പറയട്ടെ അന്ന് ഒരുപക്ഷേ എനിക്ക് വായിക്കാൻ അറിയില്ല എന്ന് പറഞ്ഞത് ഇത്തരത്തിൽ പ്രപഞ്ചത്തെയും അതിന്റെ ആഴങ്ങളെയും മനസിലാക്കാൻ ഉതകുന്ന വായനയുടെ പ്രത്യയശാസ്ത്ര പരിസരത്തിന്റെ അഭാവം ആകാം.ആ ഒരു അഭാവത്തിന്റെ പരിഹാരം എന്നനിലക്കാവാം വായനയെ ദൈവ നാമവുമായി ചേർത്ത് വെച്ച്കൊണ്ടുള്ള ഖുർആനിക ഭാഷ്യം.അന്ന് മുതൽ ഖുർആനിക അടിത്തറയിൽ പ്രപഞ്ചവീക്ഷണത്തിന്റെ പുതിയ സാധ്യതകൾ രൂപപ്പെടുകയായിരുന്നു.ഇങ്ങനൊരു അമുഖത്തോടെ ഖുർആനിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ നാല് തരത്തിലുള്ള വായന ബന്ധങ്ങളെ അതിൽ കണ്ടെത്താൻ കഴിയും.ഒന്ന് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധമാണ്. അല്ലാഹു തന്നെ പറയുന്നത് എന്റെ പ്രതിനിധികളായിട്ടാണ് മനുഷ്യരെ ഈ ഭൂമിയിൽ അയച്ചിട്ടുള്ളത് എന്നാണ്(2:30)ഖുർആനിൽ മറ്റിടങ്ങളിൽ പ്രതിപാദിക്കുന്ന അല്ലാഹുവിന്റെ അനേകം സവിശേഷതകളുടെ പ്രാതിനിത്യമാണ് അത് നമ്മോട് ആവശ്യപ്പെടുന്നത്.രണ്ടാമത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ്.പ്രപഞ്ചത്തിലെ ഓരോ സംവിധാനങ്ങളും മനുഷ്യൻ വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് പല സ്ഥലങ്ങളിലായി ഖുർആൻ പറയുന്നുണ്ട്.അതുപോലെ പ്രകൃതിയുടെ സന്തുലിതത്വത്തെ നിലനിർത്തുവാനുള്ള ആഹ്വാനങ്ങളും കാണാൻ കഴിയും. മൂന്നാമത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്.പരസ്പര ആശ്രിതത്വത്തിന്റെയും ബഹുമാനത്തിന്റെയും വ്യത്യസ്ത പാഠങ്ങൾ ഖുർആൻ മുന്നോട്ട് വെക്കുന്നു.നാലാമത് മനുഷ്യനും സമൂഹവും തമ്മിലുള്ള ബന്ധമാണ്.ഒരു മനുഷ്യൻ സമൂഹത്തോടുള്ള ബാധ്യതകൾ മുതൽ സാമൂഹിക ജീവിതത്തിലെ വിവിധങ്ങളായ അടരുകളെ കുറിച്ചുള്ള വലിയ ചർച്ചകൾ ഖുർആനിൽ കാണാം. ഇങ്ങനെ മനുഷ്യൻ ഈ നാല് ബന്ധങ്ങളെയും വായിക്കുന്നതിന്റെ അകത്തുകയാണ് ഖുർആനിന്റെ അന്തസത്ത.
വായനയെ കുറിച്ച് ചർച്ച ചെയ്യുകയും ഓർക്കുകയും ചെയുന്ന ഘട്ടത്തിൽ പ്രധാനമായി മനസിലാക്കേണ്ടത് വായനയുടെ വിശാലത തന്നെയാണ്. കേവലമായ പുസ്തക കേന്ദ്രിത അക്ഷര വായനയിൽ കവിഞ്ഞ് നമ്മൾ കാണുന്ന,കേൾക്കുന്ന,മനസിലാകുന്ന ഓരോ കാര്യങ്ങളിലും വായനയുടെ അനന്ത സാധ്യതകളാണുള്ളത്.ഖുർആനിന്റെ ആളുകൾ എന്ന നിലക്ക് വയനയുമായി ബന്ധപ്പെട്ട് അത് മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകൾ മനുഷ്യനു വേണ്ട പ്രത്യയശാസ്ത്ര പരിസരത്തെ എത്ര മനോഹരമായാണ് ഖുർആനിൽ ചർച്ച ചെയ്യുന്നത് എന്നത് നമ്മളെ അതിന്റെ ആഴങ്ങളിലേക്ക് കൂടുതൽ സഞ്ചരിപ്പിക്കുന്നതാണ്.ഇത്തരം അവസരങ്ങൾ അതിനുകൂടിയുള്ള സമയം ആകട്ടെ
Comments
Post a Comment